Sunday, July 27, 2014

ശൈഖ് ഫലാഹ് മൻദകാർ ഹഫിദഹുല്ലയെ അദ്ദേഹത്തിൻ്റെ വീട്ടിൽ സന്ദർശിച്ചപ്പോൾ ഉള്ള അനുഭവം .. പണ്ഡിതന്മാരുടെ സമീപനം എത്ര വ്യത്യസ്ഥം..


   الحمد لله رب العالمين، والصلاة والسلام على أشرف الأنبياء والمرسلين و على آله وصحبه أجمعين وبعد ؛
അല്‍ഹംദുലില്ലാഹ് ... 

അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഇന്നലെ രാത്രി (26/7/2014) കുറച്ച് സമയം ശൈഖ് ഫലാഹ് ഇസ്മാഈല്‍ മന്‍ദകാറിന്‍റെ വീട്ടില്‍ അദ്ദേഹത്തോടൊപ്പം ചിലവഴിക്കാന്‍ സാധിച്ചു. വളരെ വിലപ്പെട്ട ഏറെ സന്തോഷകരമായ സമയം ... ഒരുപാട് കാര്യങ്ങള്‍ അദ്ദേഹവുമായി പങ്ക് വെച്ചു .. ഹോളണ്ട്, സെര്‍ബിയ, ബോസ്നിയ, ഡെന്മാര്‍ക്ക്, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചില സഹോദരങ്ങളും ഉണ്ടായിരുന്നു...

www.fiqhussunna.com

സംസാരത്തിനിടയില്‍ ശൈഖ് ചോദിച്ചു. കാണുമ്പോഴെല്ലാം സാധാരണ ചോദിക്കാറുള്ള ഒരു ചോദ്യമാണ്. 'ശൈഖ് അബ്ദുസ്സമദ് അല്‍ കാത്തിബിന്‍റെ മര്‍കസ് ഇപ്പോള്‍ എങ്ങനെ പോകുന്നു ?!.

മുജാഹിദ് പ്രസ്ഥാനത്തെയാണ് ഉദ്ദേശിച്ചത്. ശൈഖ് അബ്ദുസ്സമദ് റഹിമഹുല്ലാഹ് ശൈഖ് ഫലാഹിന്‍റെ ശൈഖുമാരില്‍ ഒരാള്‍ ആണ്.

ഞാന്‍ പറഞ്ഞു: അഖ്ലാനിയ്യത്തും മറ്റുമെല്ലാം കടന്നുകൂടി. ഒരുപാട് ഒരുപാട് വിഭാഗങ്ങളായി അവര്‍ പിരിഞ്ഞു. ഇന്നും പല വിഷയങ്ങളെയും ചൊല്ലി പിരിഞ്ഞുകൊണ്ടിരിക്കുന്നു. ഖുർആനും സുന്നത്തും സലഫുകളുടെ ചര്യ മുറുകെപ്പിടിക്കുന്നവരും ദഅവാ രംഗത്ത് സജീവമാണ്.  

ശൈഖ് : അല്ലാഹുവില്‍ ശരണം .... സംസാരം തുടര്‍ന്നു.. ശൈഖ് അബ്ദുസ്സമദ് അല്‍ കാത്തിബിനെക്കുറിച്ച് ശൈഖ് വാചാലനായി. അദ്ദേഹം പറഞ്ഞു: " ശൈഖ് അദ്ദേഹത്തിന്‍റെ ദര്‍സുകളുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന ആളായിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ മദീനയില്‍ ആയിരുന്ന സമയത്ത് അദ്ദേഹത്തിന്‍റെ മകന്‍ മരണപ്പെട്ടു. അസര്‍ നമസ്കാരത്തിന് മദീനാ ഹറമില്‍ വെച്ചായിരുന്നു മയ്യിത്ത് നമസ്കാരം. അങ്ങനെ ഞങ്ങള്‍ മയ്യിത്ത് നമസ്കാരം നിര്‍വഹിച്ചു. ശൈഖിനൊപ്പം ബഖീഇല്‍ ചെന്ന് മറമാടലില്‍ പങ്കെടുത്തു. ശൈഖിന് കൈകൊടുത്ത് മടങ്ങി.

മടങ്ങുമ്പോള്‍ ശൈഖിന്‍റെ ക്ലാസില്‍ പങ്കെടുക്കുന്ന മറ്റു ആളുകളോട് ശൈഖിന്‍റെ മകന്‍ മരണപ്പെട്ടതിനാല്‍ ഇന്ന് ക്ലാസുണ്ടാകില്ല എന്ന് ഞാന്‍ പറഞ്ഞു. പക്ഷെ മഗ്രിബ് നമസ്കാരത്തിന് മദീനയിലെ പള്ളിയില്‍ എത്തിയപ്പോഴാണ്‌ ശ്രദ്ധിച്ചത് ശൈഖ് സാധാരണ ഇരിക്കാറുള്ള റൌദയുടെ തൊട്ടടുത്തുള്ള തൂണില്‍ അദ്ദേഹം ഉണ്ട്. ഞാന്‍ അത്ഭുതപ്പെട്ടു. അദ്ദേഹം മക്കളോടും ഭാര്യയോടും ഒപ്പമായിരിക്കും. അതിനാല്‍ തന്നെ വീടിന് തൊട്ടടുത്തുള്ള ഏതെങ്കിലും പള്ളിയില്‍ ആയിരിക്കും നമസ്കരിക്കുക എന്നാണ് ഞാന്‍ കരുതിയത്. സുബ്ഹാനല്ലാഹ് മാനസികമായി വളരെ കരുത്തുള്ള ഒരാളായിരുന്നു അദ്ദേഹം. ഞാന്‍ നമസ്കാര ശേഷം ശൈഖിന് സലാം പറഞ്ഞു. സലാം മടക്കി അദ്ദേഹം ചോദിച്ചു : ഇന്ന്‍ ആരെയും കാണുന്നില്ലല്ലോ, എല്ലാവരും എവിടെപ്പോയി ?,

ഞാന്‍ പറഞ്ഞു : ശൈഖ് അവരാരും ഇന്ന് ക്ലാസിന് വരാതിരിക്കാനുള്ള കാരണക്കാരന്‍ ഞാനാണ്.

ശൈഖ് അബ്ദുസ്സമദ്: എന്തുപറ്റി ?

ഞാന്‍ പറഞ്ഞു : ഇന്ന് മകന്‍ മരിച്ചത് കൊണ്ട് ദര്‍സ് ഇല്ല എന്ന് കരുതി. അവരോടൊക്കെ ദര്‍സ് ഉണ്ടാവില്ല എന്ന് ഞാന്‍ പറയുകയും ചെയ്തു. അതാണ്‌ ആരെയും കാണാത്തത്.

പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: അല്ലാഹ് യഹ്ദീക്, ഞാന്‍ എന്‍റെ ഒന്‍പത് മക്കളെ എന്‍റെ കൈകൊണ്ട് ഈ ബഖീഇല്‍ മറമാടിയിട്ടുണ്ട്. അന്നൊക്കെ മറമാടല്‍ അവിടെ നടക്കും, ദര്‍സ് ഇവിടെ പള്ളിയിലും. അത് ഇതിന് തടസ്സമല്ല. അങ്ങനെ അദ്ദേഹം ദര്‍സ് എടുക്കുന്ന കസേരയുടെ അടുത്തേക്ക് നടന്നു ". (ഒന്‍പത് മക്കളെ മറവു ചെയ്തു എന്നത് ശൈഖ് ഫലാഹ് അദ്ദേഹത്തിന്‍റെ ഓര്‍മ്മയില്‍ നിന്നും പറഞ്ഞതാണ്, ഏതായാലും ഒരുപാട് മക്കള്‍ ശൈഖിന്‍റെ ജീവിതകാലത്ത് തന്നെ മരണപ്പെട്ടിട്ടുണ്ട്).

അദ്ദേഹത്തിന്‍റെ ക്ലാസുകളില്‍ പറയുന്ന കാര്യങ്ങള്‍ ഓരോന്നും ശൈഖ് ഫലാഹ് എഴുതിയെടുക്കുമായിരുന്നു. അങ്ങനെ ക്ലാസിലെ ചോദ്യങ്ങളും ഉത്തരങ്ങളും വിശദീകരണവുമെല്ലാം ക്രോഡീകരിച്ച് ശൈഖ് ഫലാഹ് കാത്തിബിന് നല്‍കി. അങ്ങനെ ശൈഖ് ഫലാഹിന്‍റെ പ്രേരണപ്രകാരം പിന്നീട് പരിശോധിച്ച് അതില്‍ വേണ്ടത് ചേര്‍ക്കുകയും തിരുത്തുകയും ഒക്കെ ചെയ്തുകൊണ്ട് ശൈഖ് അബ്ദുസ്സമദ് അല്‍ കാത്തിബ് ഹഫിദഹുല്ലാഹ് അദ്ദേഹത്തിന്‍റെ കിതാബുല്‍ ഫറാഇദ് പ്രസിദ്ധീകരിച്ചു.

അതുപോലെ ശൈഖ് ഫലാഹ് ഹഫിദഹുല്ലാഹ് പറഞ്ഞ ഒരുകാര്യം: " ശൈഖ് അബ്ദുസ്സമദ് അല്‍ കാത്തിബിന് മദീനയില്‍ തന്നെ മരിക്കണം എന്ന് വലിയ ആഗ്രഹം ആയിരുന്നു. എവിടെ എന്ത് ആവശ്യത്തിന് പോയാലും ആവശ്യം കഴിഞ്ഞാല്‍ ഉടന്‍ മദീനയിലേക്ക് തിരിക്കും. അങ്ങനെ മരണപ്പെടുന്ന ദിവസം അദ്ദേഹം മകളുടെ അടുത്തേക്ക് റിയാദിലേക്ക് പോയി. അവിടെ വച്ച് രാത്രി മരണപ്പെട്ടു. അവര്‍ അദേഹത്തെ റിയാദില്‍ തന്നെ ഖബറടക്കി. അപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്‍റെ മരുമകനായ ശൈഖ് ആസ്വിം അല്‍ ഖറയൂത്തിക്ക് വിളിച്ചു. എന്നിട്ട് ചോദിച്ചു: അല്ലാഹ് യഹ്ദീകും, ശൈഖ് അബ്ദുസ്സമദ് മദീനയില്‍ മറമാടപ്പെടാന്‍ ആണ് ആഗ്രഹിച്ചിരുന്നത് എന്ന് നിങ്ങള്‍ക്കറിയില്ലേ ?!, അപ്പോള്‍ ശൈഖ് ആസ്വിം പറഞ്ഞു : അല്ലാഹ് യുസാമിഹക്. അത് ഞങ്ങള്‍ക്കറിയാം, പക്ഷെ നിങ്ങള്‍ക്ക് നിങ്ങളുടെ ശൈഖിനെ അറിയില്ലേ, അദ്ദേഹം മരണപ്പെടുന്ന സ്ഥലത്ത് തന്നെ എത്രയും പെട്ടെന്ന് മറമാടണം എന്നതില്‍ ഏറെ കണിഷതയുള്ള വ്യക്തിയായിരുന്നു. അങ്ങനെ ഞങ്ങള്‍ അദ്ദേഹത്തെ ഇവിടെ ഖബറടക്കി "..

ഇനിയും ചില അനുഭവങ്ങൾ പലപ്പോഴായി അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്...  ശൈഖ് അബ്ദുസ്സമദ് അല്‍ കാത്തിബിനെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം അദ്ദേഹം വാചാലനാകും. അല്ലാഹു നമ്മെയും അദ്ദേഹത്തെയും സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ...

പിന്നെ ശൈഖ് ഫലാഹ് ഹഫിദഹുല്ല ചോദിച്ചത് : എന്താണ് നാട്ടിലെ ഇപ്പോഴത്തെ അവസ്ഥ. ഞാന്‍ പറഞ്ഞു : ഒരുപാട് ഭിന്നതകളാണ്. മതവിദ്യാര്‍ഥികള്‍ക്കിടയില്‍ തന്നെ ഓരോ മസ്അലയെയും ചൊല്ലി തര്‍ക്കങ്ങള്‍. ഓരോ ഇല്‍മിയ്യായ മസ്അലകള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോഴും ഓരോ വിഭാഗങ്ങള്‍ ഉണ്ടാകുന്നു. എല്ലാവര്‍ക്കും ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് ന്യൂനതകള്‍ ഉണ്ടാകുമല്ലോ, അതുകൊണ്ടുതന്നെ പ്രത്യേകിച്ച് ഇന്നവരുടേ നിലപാടാണ് ശരി എന്ന് തീര്‍ത്തു പറയാന്‍ പറ്റാത്ത അവസ്ഥയാണ്. ഇനി ഒരു വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയാല്‍ തന്നെ ആ അഭിപ്രായം വച്ചുപുലര്‍ത്തുന്നവരുടെ എല്ലാ അഭിപ്രായവും ഞാന്‍ അംഗീകരിക്കുന്നു എന്ന ചിത്രം സൃഷ്ടിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും മൗനം അവലംഭിക്കുന്നു. മറ്റു ബിദ്ഈ കക്ഷികള്‍ ആണെങ്കില്‍ ഞങ്ങളെ നോക്കി പരിഹസിക്കുന്നു. കണ്ടോ ഇങ്ങനെ അടിച്ചു പിരിയലാണ് സലഫിയ്യത്ത് എന്ന് പറഞ്ഞു ചിരിക്കുന്നു. സാധാരണക്കാര്‍ എന്ത് ചെയ്യണമെന്നറിയാതെ അന്താളിച്ച് നില്‍ക്കുന്നു. അല്ലാഹുവില്‍ ശരണം ...

ഞാന്‍ ഇത് പറയുമ്പോള്‍ എന്‍റെ അടുത്ത് സനദ് എന്ന് പേരുള്ള ഒരു സെര്‍ബിയക്കാരന്‍ ആണ് ഇരുന്നിരുന്നത്. അവന്‍ ചോദിച്ചു : നിങ്ങളുടെ നാട്ടിലും ഇതുതന്നെയാണോ അവസ്ഥ ?!. ഞങ്ങളുടെ നാട്ടിലും ഇതേ അവസ്ഥ തന്നെ ... ശൈഖ് ഫലാഹ് ഹഫിദഹുല്ല പറഞ്ഞു : '' ഇന്ന് ലോകത്ത് എവിടെയും ഇത് തന്നെ അവസ്ഥ ... ഏത് രാജ്യം എടുത്ത് നോക്കിയാലും ഈ പറഞ്ഞ അവസ്ഥയുടെ നേരെ ഫോട്ടോകോപ്പി തന്നെ. അഹ്ലുസ്സുന്നയുടെ ആളുകള്‍ക്കിടയില്‍ പരസ്പരമുള്ള ഈ ഭിന്നത തന്നെയാണ് ലോകമെമ്പാടുമുള്ള പ്രശ്നം ''.

ഒരു യൂറോപ്യന്‍ രാജ്യത്തുള്ള ആളുടെ നാട്ടില്‍ നടക്കുന്ന പ്രശ്നം ഇമാം ഇഅ്തിദാലില്‍ നില്‍ക്കുമ്പോള്‍ മഅ്മൂം സമിഅല്ലാഹു ലിമന്‍ ഹമിദ എന്നത് പറയണോ അതോ റബ്ബനാ വ ലകല്‍ ഹംദ് മാത്രം പറഞ്ഞാല്‍ മതിയോ എന്നതാണത്രെ. അതിന്‍റെ പേരിലാണ് അവര്‍ക്കിടയിലെ ഭിന്നിപ്പ്. അല്ലാഹുല്‍ മുസ്തആന്‍. ഇങ്ങനെ ലോകമെമ്പാടും ഒരുപാട് ഭിന്നിപ്പുകള്‍.. അവരുടെ ഭിന്നിപ്പ് കേള്‍ക്കുമ്പോള്‍ നമുക്ക് അത്ഭുതം തോന്നുന്നു. നമ്മുടെ ഭിന്നിപ്പ് കേള്‍ക്കുമ്പോള്‍ അവര്‍ക്കും അത്ഭുതം തോന്നുന്നുണ്ടായിരിക്കണം അല്ലെ ?!... ഏതായാലും ഇത്തരം ഭിന്നിപ്പുകള്‍ക്കിടയില്‍ ദഅവത്തും യഥാര്‍ത്ഥ പ്രബോധനവും വഴിമുട്ടുന്നു .. ബിദ്അത്തിന്‍റെ വക്താക്കള്‍ അത് മുതലെടുക്കുന്നു ..

പലപ്പോഴും ഈ ഭിന്നതകളുടെയെല്ലാം ആഴം പരിശോധിച്ചാല്‍ അറബ് ലോകത്ത് ഇതേ വ്യത്യസ്ഥ വീക്ഷണങ്ങള്‍ ഉള്ള പണ്ഡിതന്മാര്‍ പരസ്പരം ആദരിച്ചും ബഹുമാനിച്ചും ഒരുമിച്ച് നില്‍ക്കുമ്പോള്‍ പോലും അതേ വിഷയത്തില്‍ ആ വീക്ഷണ വിത്യാസത്തെ ചൊല്ലി പരസ്പരം കൊമ്പ് കോര്‍ക്കുന്ന പാമാരന്മാരെ ലോകമെങ്ങും കാണാം ... പലപ്പോഴും മതപരമായ വിഷയങ്ങളെ കൈകാര്യം ചെയ്യാന്‍ അറിയാത്ത മുറി വൈദ്യന്മാര്‍ സംഗതികള്‍ ഏറ്റുപിടിക്കുമ്പോള്‍ നാള്‍ക്കുനാള്‍ ഈ പ്രവണത വര്‍ദ്ധിച്ചുവരുന്നു ...

അതുപോലെ ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഫോണ്‍ ബെല്ലടിച്ചു. ശൈഖ് എടുത്തു. ആരോ ചോദ്യം ചോദിക്കാന്‍ വിളിച്ചതാണ്. ശൈഖ് ഉസ്മാന്‍ അല്‍ ഖമീസിന്‍റെ അടുക്കല്‍ നിന്നും അറിവ് സ്വീകരിക്കാന്‍ പാടുണ്ടോ എന്നാണ് ചോദ്യം. ശൈഖ് പറഞ്ഞു : അദ്ദേഹത്തിന്‍റെ കാര്യത്തില്‍ ചോദിക്കേണ്ടതില്ല. അദ്ദേഹം സലഫിയാണ്. അദ്ദേഹത്തിന്‍റെ അടുക്കല്‍ നിന്നും അറിവ് സ്വീകരിക്കാം. അദ്ദേഹത്തെക്കുറിച്ച് എനിക്ക് നല്ലതേ അറിയൂ. നിങ്ങള്‍ അദ്ദേഹത്തിന്‍റെ ദര്‍സുകള്‍ കേള്‍ക്കുകയും ഉപകാരപ്പെടുത്തുകയും ചെയ്യുക... ശൈഖ് ഫോണ്‍ വെച്ചു, എന്നിട്ട് പറഞ്ഞു : ഇപ്പൊ ഇത് തന്നെ കണ്ടില്ലേ ,,,,,  കുവൈത്തിന്‍റെ പുറത്ത് നിന്നും വിളിച്ചിരിക്കുകയാണ്. ശൈഖ് ഉസ്മാന്‍ അല്‍ ഖമീസ് സലഫിയാണോ, അദ്ദേഹത്തിന്‍റെ ദര്‍സ് കേള്‍ക്കാന്‍ പറ്റുമോ എന്നും ചോദിച്ച്.....

അപ്പോള്‍ എന്‍റെ സുഹൃത്തായ അള്‍ജീരിയക്കാരന്‍ തൗഫീഖ് പറഞ്ഞു : " എത്ര വിചിത്രം. അഖീദ, ഫിഖ്ഹ് എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും പരസ്പരം യോജിക്കുന്നവര്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ അഭിപ്രായ വിത്യാസം ഉണ്ടാകുമ്പോഴേക്ക് പരസ്പരം മിണ്ടാന്‍ പറ്റാത്തവര്‍ ആയി മാറുന്നു ".

അറിവില്ലായ്മയാണ് ഭിന്നതകളുടെ മൂലകാരണം. ശൈഖ് ഇബ്നു ബാസും, ഇബ്നു ഉസൈമീനും (رحمهم الله) മെല്ലാം മരണപ്പെട്ടപ്പോൾ ഭിന്നതകൾ വർദ്ധിച്ചു....
'പണ്ഡിതന്മാരുടെ മരണത്തോടെയാണ് അറിവ് ഉയർത്തപ്പെടുക' എന്ന പ്രവാചക വചനം അക്ഷരാർഥത്തിൽ അനുഭവപ്പെടുന്നു...  ഓരോ പണ്ഡിതന്മാരെ നഷ്ടപ്പെടുമ്പോഴും ഭിന്നതകളും ചിദ്രതകളും വർദ്ധിക്കുന്നു എന്നത് ഒരു വസ്തുതയാണ് .... അല്ലാഹുവിൽ ശരണം.....
وصلي اللهم على نبينا محمد وعلى آله و صحبه وسلم
അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ