Thursday, December 26, 2013

മനസില്‍ നടക്കുന്ന വ്യത്യസ്ഥ പ്രവര്‍ത്തനങ്ങള്‍ ...


1- حديث النفس


ഒരു മനുഷ്യന്‍റെ മനസ് അവനോട് മന്ത്രിക്കുന്ന കാര്യങ്ങളാണ് ഇത്...

പ്രവാചകന്‍() പറഞ്ഞു : " പറയുകയോ, പ്രവര്‍ത്തിക്കുകയോ ചെയ്യാത്തിടത്തോളം, തങ്ങളുടെ മനസ്സ് തങ്ങളോട് മന്ത്രിക്കുന്ന കാര്യങ്ങള്‍ക്ക് അല്ലാഹു എന്‍റെ ഉമ്മത്തിനെ പിടികൂടുകയില്ല ".  [ബുഖാരി, മുസ്‌ലിം].

2- الوسواس


പിശാചിന്‍റെ ദുര്‍മന്ത്രം : ഒരാളുടെ താല്പര്യപ്രകാരമല്ല അതുണ്ടാകുകയോ ഉണ്ടാകാതിരിക്കുകയോ ചെയ്യുന്നത് . അത്തരം സന്ദര്‍ഭങ്ങളില്‍ അതിന് ചെവികൊടുക്കാതിരിക്കുക എന്നതാണ് അവന്‍ ചെയ്യേണ്ടത്.  വസ്'വാസുകള്‍ അഭിമുഖീകരിക്കേണ്ടി വരുന്നതും, അതിന് ചെവികൊടുക്കാതെ വിട്ടു നില്‍ക്കാന്‍ സാധിക്കുന്നതും ഒരു വിശ്വാസിയുടെ ഈമാനിന്‍റെ കെട്ടുറപ്പിനെ സൂചിപ്പിക്കുന്നു.

ഒരു ഹദീസില്‍ ഇപ്രകാരം കാണാം : പ്രവാചകന്‍() യുടെ അടുത്തേക്ക് ചില സ്വഹാബികള്‍ വന്നുകൊണ്ട്‌ പറഞ്ഞു: ഞങ്ങള്‍ പുറത്ത് പറയാന്‍ ഏറെ ഭയപ്പെടുന്ന ചില ചിന്തകള്‍ ഞങ്ങളുടെ മനസ്സുകളെ  പിടികൂടുന്നു പ്രവാചകരേ !, അപ്പോള്‍ പ്രവാചകന്‍() ചോദിച്ചു : അപ്രകാരമുള്ള ഒരു സംഗതി നിങ്ങളെ പിടികൂടിയോ ?. അവര്‍ പറഞ്ഞു : അതേ. പ്രവാചകന്‍() പറഞ്ഞു: അതാണ്‌ യഥാര്‍ത്ഥ ഈമാന്‍ " - [ സ്വഹീഹ് മുസ്‌ലിം ].

ഇമാം നവവി റഹിമഹുല്ല ഇത് വിശദീകരിച്ചുകൊണ്ട് പറയുന്നു : " തങ്ങളുടെ മനസ്സില്‍ ഉണ്ടാകുന്ന അത്തരം ദുര്‍ചിന്തകളെ പുറത്ത് പറയാന്‍ അവര്‍ ഭയപ്പെട്ടുവെന്നതാണ്‌ യഥാര്‍ത്ഥ ഈമാന്‍. അത്തരം ചിന്തകളില്‍ വിശ്വസിക്കുക പോയിട്ട് , അതെന്തെന്ന് പുറത്ത് പറയാന്‍പോലും ഭയപ്പെടുമാറ്  അതിന്‍റെ അപകടത്തെ വലുതായി കാണാന്‍ അവര്‍ക്ക് സാധിച്ചുവെങ്കില്‍, യഥാര്‍ത്ഥ വിശ്വാസത്തില്‍ അടിയുറച്ച, ആശയക്കുഴപ്പങ്ങളും സംശയങ്ങളും പിടികൂടാത്ത ആളുകള്‍ക്ക് മാത്രമേ അതിന് സാധിക്കുകയുള്ളൂ " - [ശറഹു മുസ്‌ലിം].

അതുപോലെ യഥാര്‍ത്ഥ വിശ്വാസിയായ ഒരാളെ വഴികേടിലാക്കാന്‍ എല്ലാ നിലക്കും പരിശ്രമിച്ച് പരാജയപ്പെട്ട പിശാച് അവസാനം വസ്'വാസ് ഉണ്ടാക്കുക എന്ന തന്ത്രത്തിലേക്ക് തിരിയുന്നു എന്നും ചില പണ്ഡിതന്മാര്‍ പറഞ്ഞതായി കാണാം. ഇത്തരത്തിലുള്ള പൈശാചികമായ ആശയക്കുഴപ്പങ്ങള്‍ക്ക് ചെവികൊടുക്കാതിരിക്കുകയാണ് ഒരു വിശ്വാസിയുടെ ധര്‍മ്മം.


3 - الهم
ഒരു കാര്യം ചെയ്യാനുള്ള ആഗ്രഹം, പക്ഷെ മനസ്സില്‍ ചെയ്യുമെന്ന ദൃഢനിശ്ചയം ഇല്ല.  

ഒരാള്‍ നന്മ ചെയ്യാന്‍ മനസ്സില്‍ ആഗ്രഹം പ്രകടിപ്പിച്ചാല്‍ അതിന് അല്ലാഹു പ്രതിഫലം നല്‍കും. അവന്‍ അത് പ്രവര്‍ത്തിച്ചില്ലെങ്കില്‍ പോലും. ഇനി അവന്‍ ഒരു തിന്മ ചെയ്യാന്‍ ആഗ്രഹിച്ചാല്‍ അത് ചെയ്തെങ്കില്‍ മാത്രമേ അവന് പാപം രേഖപ്പെടുത്തപ്പെടുകയുള്ളൂ ..

ഇനിയുള്ള ഒരു ചോദ്യം : തിന്മ ചെയ്യാന്‍ ആഗ്രഹിച്ച ഒരാള്‍ അതില്‍ നിന്നും വിട്ടുനിന്നാല്‍ അവന് അതിന്‍റെ പ്രതിഫലം ലഭിക്കുമോ എന്നതാണ്.  അവന്‍ അതില്‍ നിന്നും വിട്ടുനില്‍ക്കുന്നത് അല്ലാഹുവിന്‍റെ പ്രീതി ആഗ്രഹിച്ചാണ് എങ്കില്‍ അവന് അത് നന്മയായി രേഖപ്പെടുത്തപ്പെടും. അല്ലാത്ത പക്ഷം പ്രതിഫലം ലഭിക്കുകയില്ല.

ഇബ്നു അബ്ബാസ് (رضي الله عنه) വില്‍ നിന്നും നിവേദനം : ഒരു ഖുദ്സിയായ ഹദീസില്‍ അല്ലാഹു പറയുന്നതായി പ്രവാചകന്‍()  പറയുന്നു : "അല്ലാഹു നന്മയും തിന്മയും രേഖപ്പെടുത്തി. എന്നിട്ട് നന്മയേത്, തിന്മയേത്  എന്നത് ജനങ്ങള്‍ക്ക് വ്യക്തമാക്കിക്കൊടുക്കുകയും ചെയ്തു. ആരെങ്കിലും ഒരു നന്മ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിച്ചാല്‍ അവന് അത് പരിപൂര്‍ണമായ ഒരു നന്മയായി അല്ലാഹുവിന്‍റെ പക്കല്‍ അവന്‍ രേഖപ്പെടുത്തും. ഇനി അവന്‍ അത് ഉദ്ദേശിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്താലോ, പത്ത് മുതല്‍ എഴുന്നൂറ് വരെ ഇരട്ടിയോ അതിലും കൂടുതലോ ആയി അവന്‍റെ പക്കല്‍ രേഖപ്പെടുത്തുന്നു.  ഇനി ആരെങ്കിലും ഒരു തിന്മ ഉദ്ദേശിക്കുകയും അത് പ്രവര്ത്തിക്കാതിരിക്കുകയും ചെയ്‌താല്‍ അവന് അതൊരു പരിപൂര്‍ണമായ ഒരു നന്മയായി അല്ലാഹു രേഖപ്പെടുത്തും. ഇനി ആരെങ്കിലും ഒരു തിന്മ ചെയ്യാന്‍ ഉദ്ദേശിക്കുകയും അത് ചെയ്യുകയും ചെയ്‌താല്‍ ആ ഒരു തിന്മ മാത്രമായിരിക്കും അല്ലാഹു അവന്‍റെ മേല്‍ രേഖപ്പെടുത്തുക " - [ സ്വഹീഹുല്‍ ബുഖാരി].

എന്നാല്‍ തക്കം കിട്ടുമ്പോഴെല്ലാം തെറ്റുകള്‍ ചെയ്യുകയും ആളുകളെ ഭയന്ന് തെറ്റില്‍ നിന്നും മാറി നില്‍ക്കുകയും ചെയ്യുന്ന ആളുകള്‍ ഇതില്‍ പെടുകയില്ല.

അല്ലാഹു പറയുന്നു :
 يَسْتَخْفُونَ مِنَ النَّاسِ وَلَا يَسْتَخْفُونَ مِنَ اللَّهِ وَهُوَ مَعَهُمْ إِذْ يُبَيِّتُونَ مَا لَا يَرْضَى مِنَ الْقَوْلِ وَكَانَ اللَّهُ بِمَا يَعْمَلُونَ مُحِيطًا

"അവര്‍ ജനങ്ങളില്‍ നിന്ന്‌ ( കാര്യങ്ങള്‍ ) ഒളിച്ചു വെക്കുന്നു. എന്നാല്‍ അല്ലാഹുവില്‍ നിന്ന്‌ ( ഒന്നും ) ഒളിച്ചുവെക്കാന്‍ അവര്‍ക്ക്‌ കഴിയില്ല. അല്ലാഹു ഇഷ്ടപ്പെടാത്ത വാക്കുകളിലൂടെ അവര്‍ രാത്രിയില്‍ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അവന്‍ അവരുടെ കൂടെത്തന്നെയുണ്ട്‌. അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സമ്പൂര്‍ണ്ണമായി അറിയുന്നവനാകുന്നു അല്ലാഹു". - [നിസാഅ് : 107].

4 - النية
നിയ്യത്ത് : അഥവാ ദൃഢനിശ്ചയത്തോടെ ഒരു കാര്യം ചെയ്യുവാനുള്ള ഉദ്ദേശ്യം.

മനുഷ്യന്‍റെ ആചാരങ്ങളില്‍ നിന്നും ആരാധനകളെ വേര്‍തിരിക്കുന്നത് അവന്‍റെ നിയ്യത്ത് ആണ്. ഉദാ: ഒരാള്‍ കയ്യും കാലും ഒന്ന് തണുപ്പിക്കണം എന്ന് കരുതി കൈകാലുകള്‍ കഴുകുന്നതും, ഒരാള്‍ വുളു എടുക്കുന്നതിന്‍റെ ഭാഗമായി കൈകാലുകള്‍ കഴുകുന്നതും വേര്‍തിരിക്കുന്നത് അവന്‍റെ മനസിലെ ഉദ്ദേശ്യം ആണ് എന്നര്‍ത്ഥം.

അതുപോലെ ഒരു ആരാധനയെ മറ്റൊരു ആരാധനയില്‍ നിന്നും വേര്‍തിരിക്കുന്നതും ഉദ്ദേശ്യങ്ങളാണ്. ഉദാ: സുബഹി നമസ്കാരത്തിന്‍റെ മുന്‍പുള്ള 2 റകഅത്തും, സുബഹി നമസ്കാരവും തമ്മില്‍ വേര്‍തിരിക്കുന്നത് അത് നമസ്കരിക്കുന്ന ആളുടെ ഉദ്ദേശ്യം ആണ്. 

ഉമറുബ്‌നുല്‍ ഖത്താബ്(رضي الله عنه)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ”നബി() പറഞ്ഞതായി ഞാന്‍ കേട്ടു. തീര്‍ച്ചയായും കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുന്നത് ഉദ്ദേശ്യങ്ങള്‍ക്കനുസൃതമായാണ്. ഓരോ വ്യക്തിക്കും താനുദ്ദേശിച്ചതെന്തോ അത് മാത്രമാണ് ലഭിക്കുക. ആരുടെയെങ്കിലും പലായനം അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കുമാണെങ്കില്‍ അവന്റെ പലായനം അല്ലാഹുവിങ്കലും അവന്റെ ദൂതനിലും എത്തിച്ചേരും. ഐഹിക നേട്ടത്തിനു വേണ്ടിയാണ് ഒരാളുടെ ഹിജ്‌റയെങ്കില്‍ അതവന് ലഭിക്കും. അല്ലെങ്കില്‍ ഒരു പെണ്ണിനെ വേള്‍ക്കാന്‍ വേണ്ടിയാണ് ഒരാളുടെ ഹിജ്‌റയെങ്കില്‍ അവളെ വിവാഹം ചെയ്യാം. ചുരുക്കത്തില്‍, എന്തിനു വേണ്ടിയാണോ ഒരാള്‍ ഹിജ്‌റ ചെയ്യുന്നത് അത് മാത്രമാണ് അവന് ലഭിക്കുക” [ബുഖാരി, മുസ്‌ലിം].