Friday, November 15, 2013

ഒരാൾ സദസ്സിലേക്ക് വരുമ്പോൾ എഴുന്നേറ്റ് നിൽക്കാൻ ആവശ്യപ്പെടാമോ ?, ശൈഖ് ഇബ്‌നു ബാസ് എഴുതിയ കത്ത്.


الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

തനിക്ക് വേണ്ടി ആദരപൂര്‍വ്വം മറ്റുള്ളവര്‍ എഴുന്നേറ്റ് നില്‍ക്കട്ടെ എന്ന് ഒരു വിശ്വാസി കരുതാന്‍ പാടില്ല അത് കഠിനമായ ശിക്ഷ താക്കീത് ചെയ്യപ്പെട്ട ഒരു പാപമാണ് . ഇതുമായി ബന്ധപ്പെട്ട് വന്ന ഇബ്നു ബാസ് (رحمه الله) യുടെ വിദ്യാഭ്യാസ മന്ത്രിക്ക് എഴുതിയ ഒരു കത്ത് താഴെ കൊടുക്കുന്നു.

-------------------------------------------------------------------------------------------
അബ്ദുല്‍ അസീസ്‌ ഇബ്നു ബാസ്(رحمه الله), ബഹു; വിദ്യാഭ്യാസ മന്ത്രിക്ക് എഴുതുന്നത്: 


السلام عليكم و رحمة الله وبركاته ، أما بعد ؛

തങ്ങള്‍ ക്ലാസില്‍ പ്രവേശിക്കുന്ന സമയത്ത് എഴുന്നേറ്റ് നില്‍ക്കണം എന്ന് പല  അധ്യാപകരും കുട്ടികളോട് ആവശ്യപ്പെടുന്നതായി എനിക്ക് അറിയാന്‍ സാധിച്ചു. ഇത് സ്ഥിരപ്പെട്ടു  വന്ന നബിചര്യക്ക് എതിരാണ് എന്നതില്‍ യാതൊരു സംശയവുമില്ല. 

മുആവിയ (റ) പ്രവാചകന്‍(ﷺ) യില്‍ നിന്ന് ഇപ്രകാരം ഉദ്ദരിക്കുന്നു:
من أحب أن يمثل له الرجال قياماً فليتبوأ مقعده من النار
" ആളുകള്‍ തനിക്ക് വേണ്ടി എഴുന്നേറ്റ് നില്‍ക്കണം എന്ന് ആര് ആഗ്രഹിക്കുന്നുവോ, അവന്‍ നരകത്തില്‍ തന്‍റെ ഇരിപ്പിടം ഉറപ്പാക്കിക്കൊള്ളട്ടെ " [أخرجه الإمام أحمد وأبو داود والترمذي عن معاوية  رضي الله عنه  – بإسناد صحيح]

അനസ് (റ) പ്രവാചകന്‍(ﷺ) യില്‍ നിന്ന് ഇപ്രകാരം ഉദ്ദരിക്കുന്നു:لم يكن شخص أحب إليهم – يعني الصحابة - رضي الله عنهم – من رسول الله - صلى الله عليه وسلم - وكانوا لا يقومون له إذا دخل عليهم ؛ لما يعلمون من كراهيته لذلك 
"അല്ലാഹുവിന്‍റെ പ്രവാച്ചകനോളം സ്വഹാബത്തിന് ഇഷ്ടമുണ്ടായിരുന്ന മറ്റൊരു വ്യക്തിയും ഉണ്ടായിരുന്നില്ല. എന്നിട്ടും ആ പ്രവാചകന്‍(ﷺ) തങ്ങളുടെ അരികിലേക്ക് പ്രവേശിച്ചാല്‍ അദ്ദേഹത്തിന് വേണ്ടി അവര്‍ നില്‍ക്കാറുണ്ടായിരുന്നില്ല. അദ്ദേഹം അത് ഇഷ്ടപ്പെടുന്നില്ല എന്ന് അവര്‍ക്ക് അറിയാമായിരുന്നതിനാലാണത്." [رواه الإمام أحمد والترمذي بإسناد صحيح].

അതുകൊണ്ടുതന്നെ ഈ രണ്ടു ഹദീസിലും വന്ന പ്രവാചകാധ്യാപനത്തെ അടിസ്ഥാനമാക്കി, അധ്യാപകര്‍ ക്ലാസിലേക്ക് പ്രവേശിക്കുമ്പോള്‍ കുട്ടികള്‍   എഴുന്നേറ്റ് നില്‍ക്കേണ്ടതില്ല എന്നതാണ് പ്രവാചക ചര്യയെന്ന് എല്ലാ വിദ്യാലയങ്ങള്‍ക്കും അറിയിപ്പ് നല്‍കണം എന്ന് ആദരപൂര്‍വ്വം അപേക്ഷിക്കുന്നു.

അതോടൊപ്പം മുആവിയ (റ) ഉദ്ദരിച്ച ഹദീസില്‍ കഠിനമായ ശിക്ഷ താക്കീത് നല്കപ്പെട്ടതിനാല്‍ അധ്യാപകര്‍ വിദ്യാര്‍ഥികളോട് എഴുന്നേറ്റ് നില്‍ക്കാന്‍ കല്പിക്കരുത്. വിദ്യാര്‍ഥികള്‍ എഴുന്നേറ്റ് നില്‍ക്കുന്നതാകട്ടെ അനസ് (റ) വിന്‍റെ ഹദീസ് പ്രകാരം വെറുക്കപ്പെട്ടതുമാണ്. 

പ്രവാചകനെയും പ്രവാചകാനുചരന്മാരെയും പിന്തുടരുന്നതിലും, പ്രവാചക ചര്യ പിന്തുടരുന്നതിലുമാണ് നന്മയുള്ളത് എന്ന് പറയേണ്ടതില്ലല്ലോ. അവരെ നല്ല രൂപത്തില്‍ പിന്തുടരാനും, മതപരമായ അറിവുകള്‍ കൂടുതല്‍ കരസ്ഥമാക്കാനും, അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും അല്ലാഹു തൗഫീഖ് ചെയ്യുമാറാകട്ടെ.
والسلام عليكم ورحمة الله وبركاته
عبد العزيز بن باز
مفتي عام مملكة العربية السعودية
(കത്ത് ഇവിടെ അവസാനിച്ചു.)
----------------------------------------------------------------------------------

ഒരു വിശ്വാസി തനിക്കുവേണ്ടി മറ്റുള്ളവര്‍ ആദരപൂര്‍വ്വം എഴുന്നേറ്റ് നില്‍ക്കട്ടെ എന്നത് ആഗ്രഹിക്കാന്‍ പാടില്ല എന്നത് മനസ്സിലാക്കാനും, ഒരുപക്ഷേ അറിവില്ലായ്മ കാരണത്താലാകാം  മദ്രസകളിലും അറബിക്കോളേജുകളിലുമെല്ലാം ഇത്തരം സമ്പ്രദായം അധ്യാപകര്‍ നടപ്പാക്കി വരുന്നത് ശ്രദ്ധയില്‍ പെട്ടതിനാലും ആണ് ഇത് വിവര്‍ത്തനം ചെയ്തത്.
ഇന്ന് പലപ്പോഴും കുട്ടികളുടെ അവസ്ഥ പരിശോധിച്ചാല്‍ അവര്‍ അധ്യാപകരുടെ മുന്‍പില്‍ എഴുന്നേറ്റ് നില്‍ക്കുമെങ്കിലും അവര്‍ അത് ആദരപൂര്‍വ്വം എഴുന്നേറ്റ് നിന്നതാണ് എന്ന് പറയുക ഒരിക്കലും സാധ്യമല്ല. പലരും അധ്യാപകരോട് വെറുപ്പും വിദ്വേശവും കാണിക്കുന്നവരാണ്. പക്ഷെ നില്‍ക്കക്കള്ളിയില്ലാതെ എഴുന്നേറ്റ് നില്‍ക്കുന്നു എന്ന് മാത്രം. ഇവിടെ കാപട്യം കൂടിയാണ് അവര്‍ പരിശീലിക്കുന്നത്. എഴുന്നേറ്റ് നില്‍ക്കുന്നതിലല്ല മറിച്ച് മനസിലാണ് അദ്ധ്യാപകനോട് ആത്മാര്‍ത്ഥമായ ആദരവും സ്നേഹവും ഉണ്ടാവേണ്ടത് എന്ന മഹത്തായ സന്ദേശം ഇവിടെയാണ്‌ പ്രസക്താവുന്നത്. തന്‍റെ അദ്ധ്യാപകരെ ബഹുമാനിക്കാനും സ്നേഹിക്കാനും ആദരിക്കാനും നമ്മള്‍ വിദ്യാര്‍ഥികളെ ഉല്‍ബുദ്ധരാക്കണം. അധ്യാപകര്‍ നന്മയും, അറിവും പകര്‍ന്നു നല്‍കിയാല്‍ വിദ്യാര്‍ഥികളുടെ ആദരവ് സ്വാഭാവികമായും പിടിച്ചുപറ്റുകയും ചെയ്യും.

അദ്ധ്യാപകന്‍ ക്ലാസില്‍ കയറിയ സമയത്ത് എഴുന്നേറ്റ് നിന്ന വിദ്യാര്‍ഥികളോട് ഒരു അദ്ധ്യാപകന്‍ പറഞ്ഞ വാക്കുകള്‍ വളരെ അര്‍ത്ഥവത്താണ് : " നിങ്ങള്‍ എഴുന്നേറ്റ് നിന്ന്‍ ബഹുമാനം ഉണ്ട് എന്ന് കാണിച്ചു തരേണ്ട ആവശ്യം ഒന്നുമില്ല. ആ ബഹുമാനം നിങ്ങളുടെ മനസ്സില്‍ ഉണ്ടായാല്‍ മതി " . ലളിതമെങ്കിലും ഏറെ അര്‍ത്ഥവത്താണ് ആ വാക്കുകള്‍..  

വിദ്യാര്‍ഥികള്‍ തങ്ങള്‍ പഠിക്കുന്ന വിദ്യാലയങ്ങളില്‍ ഇനി എന്ത് ചെയ്യും എന്ന് ആശങ്കപ്പെടേണ്ടതില്ല. ആരെങ്കിലും
തനിക്ക് വേണ്ടി മറ്റുള്ളവര്‍ ആദരപൂര്‍വ്വം എഴുന്നേറ്റ് നില്‍ക്കട്ടെ എന്ന് ആഗ്രഹിക്കുന്നത് ഹറാമും പാപവുമാണ്. എന്നാല്‍ ഒരാള്‍ക്ക് വേണ്ടി ആദരപൂര്‍വ്വം എഴുന്നേറ്റ് നില്‍ക്കല്‍ മക്റൂഹ് ആയ വെറുക്കപ്പെട്ട കാര്യമാണ്. അപ്രകാരം ആഗ്രഹിക്കുന്നവന്‍റെ വിധിയും, എഴുന്നേറ്റ് നില്‍ക്കുന്നവന്‍റെ വിധിയും രണ്ടും വ്യത്യസ്ഥമാണ് എന്നര്‍ത്ഥം. ഒന്ന് ഹറാം ആണ് എങ്കില്‍, മറ്റൊന്ന് മക്റൂഹ് (വെറുക്കപ്പെട്ടത്) ആണ്. ഇത് ഓരോരുത്തരും മനസ്സിലാക്കിയിരിക്കണം. അതുകൊണ്ട് തനിക്ക് നല്ല നിലക്ക് അധ്യാപകനോട് വിഷയം ധരിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് ചെയ്യുക എന്നത് മാത്രമാണ് വിദ്യാര്‍ഥികള്‍ ഇത് സംബന്ധിച്ച് ചെയ്യേണ്ടത്. അവിടെ മറ്റു പ്രശ്നങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടാക്കരുത്.  മറ്റു രീതികള്‍ സ്വീകരിക്കുമ്പോള്‍ അധ്യാപകര്‍ നമ്മെ തെറ്റിദ്ധരിക്കാനും, ഇതര മത സൂഹത്തിലുള്ള ആളുകള്‍ മതനിയമങ്ങളെക്കുറിച്ച് തെറ്റിദ്ധരിക്കാനും ഇടയായേക്കാം. അഥവാ മക്റൂഹ് ആയ ഒരു കാര്യം ഒഴിവാക്കാന്‍ ശ്രമിക്കുന്നത്, അതിനേക്കാള്‍ ഗുരുതരമായ നിഷിദ്ധങ്ങളിലേക്ക്  എത്തിച്ചേരുന്ന രൂപത്തിലുള്ള അവസ്ഥാവിശേഷം ഉണ്ടാകാന്‍ ഇടയാക്കരുത് എന്ന് ചുരുക്കം. കാര്യങ്ങള്‍ മതം നിഷ്കര്‍ഷിക്കുന്ന പരിധിയില്‍ നിന്നുകൊണ്ട് യുക്തിസഹജമായി പെരുമാരുന്നവരായിരിക്കണം. ഇത്തരം കാര്യങ്ങളില്‍ മസ്ലഹത്തും മഫ്സദത്തും അഥവാ അതിന്‍റെ ഗുണവും ദോശവും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം. അല്ലാഹു തൗഫീഖ് ചെയ്യട്ടെ...

സഅദ് ബിന്‍ മുആദ് (رضي الله عنه) വിന്‍റെ സംഭവം  ആദരപൂര്‍വ്വം എഴുന്നേറ്റ് നില്‍ക്കണം എന്നതിന് തെളിവോ ?.


ഇനി സഅദ് ബിന്‍ മുആദ് (رضي الله عنه) വിന്‍റെ സംഭവം പലരും ആദരപൂര്‍വ്വം എഴുന്നേറ്റ് നില്‍ക്കണം എന്നതിന്‍റെ തെളിവായി ഉദ്ദരിക്കാറുണ്ട്. പക്ഷെ ആ ഹദീസിന്‍റെ പശ്ചാത്തലവും ശരിയായ രിവായത്തും പരിശോധിച്ചാല്‍ കാര്യം വളരെ വ്യക്തമാണ് .. സഅദ് ബിന്‍ മുആദ് (رضي الله عنه) വിന്‍റെ ഹദീസ് എടുത്തുകൊടുത്തുകൊണ്ട് ശൈഖ് അല്‍ബാനി (رحمه الله) അത് കൃത്യമായി വിവരിക്കുന്നുണ്ട്.

സഅദ് ബിന്‍ മുആദ് (رضي الله عنه) വിന്‍റെ സംഭവം :

قوموا إلى سيدكم فأنزلوه , فقال عمر : سيدنا الله عز وجل , قال : أنزلوه , فأنزلوه 

പ്രവാചകന്‍(ﷺ) പറഞ്ഞു: "നിങ്ങള്‍ നിങ്ങളുടെ സയ്യിദിന്‍റെ അടുത്തേക്ക്  എഴുന്നേറ്റ് ചെല്ലുക. അപ്പോള്‍ ഉമര്‍ (رضي الله عنه) പറഞ്ഞു: ഞങ്ങളുടെ സയ്യിദ് പരമോന്നതനും പരിശുദ്ധനുമായ അല്ലാഹുവാണ്. അപ്പോള്‍ പ്രവാചകന്‍(ﷺ) പറഞ്ഞു: അദ്ദേഹത്തെ താഴെയിറക്കൂ. അപ്പോള്‍ അവര്‍ അദ്ദേഹത്തെ താഴെയിറക്കി" . [حسن . السلسلة الصحيحة . برقم : 67].

ശൈഖ് അല്‍ബാനി ഇതിനു നല്‍കിയ വിശദീകരണത്തിന്‍റെ സംഗ്രഹം :

" قوموا لسيدكم ",  'നിങ്ങളുടെ സയ്യിദിന് വേണ്ടി എഴുന്നേറ്റ് നില്‍ക്കുക' എന്ന പദപ്രയോഗമാണ് സാധാരണ പ്രചാരത്തിലുള്ളത്. 
എന്നാല്‍ (ഇതുമായി ബന്ധപ്പെട്ട് വന്ന) രണ്ട് ഹദീസുകളിലും "  قوموا إلى سيدكم ", 'നിങ്ങള്‍ നിങ്ങളുടെ നേതാവിന്‍റെ അടുത്തേക്ക് എഴുന്നേറ്റ് ചെല്ലുക എന്ന പദപ്രയോഗമാണ് എനിക്ക് കാണാന്‍ സാധിച്ചിട്ടുള്ളത്. നേരത്തെ പറഞ്ഞതുപോലെയുള്ള ഒരു പദപ്രയോഗത്തിന് യാതൊരു അടിസ്ഥാനവുമുള്ളതായി എനിക്കറിയില്ല.

എന്നാല്‍ ആ തെറ്റായ പദപ്രയോഗത്തില്‍ നിന്നും കര്‍മശാസ്ത്രപരമായ ഒരു തെറ്റ് ഉടലെടുത്തിട്ടുണ്ട്. അഥവാ ഇബ്നു ബത്ത്വാലിനെ പോലെയുള്ള പണ്ഡിതന്മാര്‍ (ആ തെറ്റായ പദപ്രയോഗം) സദസ്സിലേക്ക് കടന്നുവരുന്ന ആളുകള്‍ക്ക് ആദരപൂര്‍വ്വം എഴുന്നേറ്റ് നില്‍ക്കാനുള്ള തെളിവാക്കി. 

ശേഷം ശൈഖ് അല്‍ബാനി തന്‍റെ വിശദീകരണത്തില്‍ പ്രവാചകന്‍
(ﷺ) ഇത് പറയാന്‍ ഇടയാക്കിയ സാഹചര്യം പറയുന്നുണ്ട്: പരിക്കേറ്റ സഅദ് ബിന്‍ മുആദ്(رضي الله عنه) വിനെ ഒരു കഴുതപ്പുറത്ത് ചുമന്നുകൊണ്ട് വരുന്ന സാഹചര്യത്തില്‍ ആണ് അവിടെ സന്നിഹിതരായ ഒരുപറ്റം അന്‍സാറുകളോട് നിങ്ങള്‍ അദ്ദേഹത്തിന്‍റെ അടുത്തേക്ക് എഴുന്നേറ്റ് ചെന്ന് അദ്ദേഹത്തെ കഴുതപ്പുറത്ത് നിന്നും താഴെയിറക്കുക എന്നതാണ് അവിടെയുള്ള ഉദ്ദേശ്യം. അതല്ലാതെ ആദരപൂര്‍വ്വം അദ്ദേഹത്തിനായി എഴുന്നേറ്റ് നില്‍ക്കുക എന്നായിരുന്നില്ല.

ഒരു സദസ്സിലേക്ക് കടന്നുവരുന്ന ആള്‍ക്കുവേണ്ടി എഴുന്നേറ്റ് നില്‍ക്കാന്‍ ഈ സംഭവം വളരെയധികം തെളിവാക്കാറുണ്ട്. എന്നാല്‍ അപ്രകാരം ആ ഹദീസില്‍ നിന്നും തെളിവ് പിടിക്കുന്നത് ശരിയല്ല എന്നത് ഒന്നിലധികം കാരണങ്ങളാല്‍ വ്യക്തമാണ്. " നിങ്ങള്‍ അദ്ദേഹത്തെ താഴെയിറക്കുക" എന്ന പ്രവാചകന്‍റെ പദപ്രയോഗം തന്നെ അതു മനസ്സിലാക്കാന്‍ മതിയായ കാരണമാണ്. പരുക്കേറ്റിരുന്നതിനാല്‍ അദ്ദേഹത്തിന്‍റെ അടുത്തേക്ക് ചെന്ന് കഴുതപ്പുറത്ത് നിന്നും അദ്ദേഹത്തെ താഴെയിറക്കുക എന്നതാണ് അവിടെ ഉദ്ദേശ്യം എന്നത് വ്യക്തമാണ്.

അതുകൊണ്ടാണ് ഹാഫിദ് ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (رحمه الله) ഇപ്രകാരം പറഞ്ഞത്: " (അദേഹത്തെ താഴെയിറക്കുക) എന്ന ഈ ഭാഗം,  സദസ്സിലേക്ക് കടന്നുവരുന്നവര്‍ക്ക് ആദരപൂര്‍വ്വം എഴുന്നേറ്റ് നില്‍ക്കാന്‍
ഈ സംഭവത്തെ തെളിവാക്കുന്നതിനെ ദുര്‍ബലപ്പെടുത്തുന്നു ".  [السلسلة الصحيحة . برقم : 67].

അല്ലാഹു അനുഗ്രഹിക്കട്ടെ....


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ